തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ യു.ഡി.എഫിനെ എല്ലാ സീറ്റുകളിലും ജയിക്കാൻ കഴിയുന്ന സാഹചര്യത്തിൽ എത്തിച്ചിട്ടുണ്ട്. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഇത്തവണ ടീം യു.ഡി.എഫ് തിളക്കമാർന്ന വിജയം കൈവരിക്കും. ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും. തെരഞ്ഞെടുപ്പിൽ എന്നും ഡീലല്ല ചർച്ചചെയ്യേണ്ടത്. വികസനവും രാഷ്ട്രീയ വിഷയങ്ങളും സാധാരണക്കാരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം. ഇതുവരെ ഞങ്ങൾ 25 ശതമാനമാത്രമാണ് രാഷ്ട്രീയം പറഞ്ഞിട്ടുള്ളത്. എന്നാൽ ബാക്കിയുള്ള 75 ശതമാനം കേരളത്തെ കുറിച്ചും ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഭാവിയെ പറ്റിയുമാണ് പറഞ്ഞത്. ഞങ്ങൾ സർക്കാറിന്റെ പരാജയങ്ങൾ ഉയർത്തി കാണിച്ചു. അതിനെതിരെ പ്രതിഷേധിച്ചു. കേരളത്തെ കൈപിടിച്ച് ഉയർത്താൻ ആവശ്യമായ പദ്ധതികൾ കൊണ്ടുവരണം.
ആരോഗ്യ വകുപ്പിന്റെ അവസ്ഥയെന്താണ്. സർക്കാർ ഖജനാവ് കാലിയാണ്. ഖജനാവ് നിറക്കാൻ യു.ഡി.എഫിന് വ്യക്തമായ പദ്ധതിയുണ്ട്. ഖജനാവിന്റെ ചോർച്ച അടക്കണം. അത് എങ്ങനെയെന്ന് യു.ഡി.എഫിന് അറിയാം. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് എന്നത് അഭിപ്രായ സ്വാതന്ത്രമുള്ളതാണ്. കൂട്ടായ നേതൃത്വമാണ് യു.ഡി.എഫ്. യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഹൈകമാന്‍ഡാണ്. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. കലക്ടീവ് ലീഡർ ഷിപ്പാണ് യു.ഡി.എഫിനുള്ളത്. കർണാടകയിലും തെലങ്കാനയിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല ജനവിധി നേടിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.















































