വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‌ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെ പേർഷ്യൻ ഗൾഫിലെ പ്രധാന സമുദ്രമാർഗമായ ഹൊർമൂസ് കടലിടുക്കിനെ “സ്ട്രെയിറ്റ് ഓഫ് ട്രംപ്” എന്ന് വിശേഷിപ്പിച്ചു.
ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ”ഇറാൻ ‘ട്രംപ് കടലിടുക്ക്‘ – അതായത്, ഞാൻ ഉദ്ദേശിച്ചത്, ഹോർമുസ് തുറന്നുകൊടുക്കണം” എന്നാണ്. അവിടെ കൂടിയിരുന്നവരിൽ അത് ചിരി പടർത്തി. തുടർന്ന് അത് “തെറ്റായ പ്രയോഗം” ആണെന്ന് പറഞ്ഞ് തിരുത്തുകയും, പതിവ് ശൈലിയിലുള്ള തമാശയോടെയുള്ള വിശദീകരണം നൽകുകയും ചെയ്തു.
″ക്ഷമിക്കണം. എനിക്ക് വളരെ ഖേദമുണ്ട്. എത്ര ഭയങ്കര തെറ്റാണ്,” അദ്ദേഹം പറഞ്ഞു, ”ഞാൻ ഇങ്ങനെ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങൾ വ്യാജ വാർത്ത ചമയും. ഇല്ല, ഈ പരാമർശത്തിൽ വളരെയധികം അപകടങ്ങളൊന്നുമില്ല.”
കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന് തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തു . മെക്സിക്കോ ഉൾക്കടലിനെ പുനർനാമകരണം ചെയ്യാൻ ശ്രമിച്ചതുപോലെ, അതിനെ ”അമേരിക്ക കടലിടുക്ക്” എന്ന് വിളിക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റിന്റെ ”ട്രംപ് കടലിടുക്ക്” എന്ന പരാമർശം ഒരു ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് മുതലാളിയും എന്ന നിലയിൽ സ്വന്തം പേരിൽ അദ്ദേഹം നടത്തുന്ന ബ്രാൻഡിംഗ് രീതിയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ,വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിനെ പ്രസിഡന്റ് ″ട്രംപ് കെന്നഡി സെന്റർ″ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അന്നും അതൊരു തമാശയ്ക്ക് പറഞ്ഞതാണെന്ന വിശദീകരണവും നല്കി. എന്നാൽ, ഡിസംബറിൽ കെന്നഡി സെന്ററിന്റെ ബോർഡ് അതിന്റെ പേര് ” ട്രംപ്-കെന്നഡി സെന്റർ ” എന്ന് മാറ്റാൻ വോട്ട് ചെയ്തതായി വൈറ്റ് ഹൗസ് അറിയിക്കുകയുണ്ടായി. ഇതു ചൂണ്ടിക്കാട്ടി, ഹൊർമൂസ് കടലിടുക്ക് ട്രംപ് സ്വന്തം പേരിൽ പുനർനാമകരണം ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, അന്താരാഷ്ട്ര ജലമാർഗങ്ങൾ ഒരു രാജ്യത്തിന് ഏകപക്ഷീയമായി പേരുമാറ്റാൻ സാധിക്കില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, ഹൊർമൂസ് കടലിടുക്ക് പൂർണ്ണമായും ഗതാതഗ സജ്ജമാക്കണമെന്ന ട്രംപിന്റെ തുടരെയുള്ള ആവശ്യത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഒരു വശത്ത് നടക്കുന്നുവെന്ന് പറയപ്പെടുമ്പോഴും അക്കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇറാന്റെ സൈന്യത്തെ ”നശിപ്പിച്ചുവെന്ന്” അമേരിക്ക അവകാശപ്പടുമ്പോഴും, യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഹൊർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണം ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.















































