കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ വിദ്വേഷ പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ അൻപത് വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.
‘അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല. തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതന് ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല. എന്താല്ലേ മതേതര കേരളം. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽ നിന്ന് അമ്പലം കൊള്ളക്കാരെയും വർഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്. ഈ മണ്ണിൽ നമ്മൾ ജയിക്കും. നമ്മളെ ജയിക്കൂ’, എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.
അതേസമയം ഗോപാലകൃഷ്ണന്റെ പരാമർശം വിവാദമായതോടെ രത്തൻ യു ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് ഗുരുവായൂർ മണ്ഡലം ഭരണാധികാരി ഷീബ എസ് നൽകിയ പരാതിയിൽ ഗോപാലകൃഷ്ണനെതിരെ എഫ്ഐആർ ചുമത്തിയിരുന്നു. കേരള പീപ്പിൾസ് റെപ്രസന്റേഷൻ ആക്ട് 125, ബിഎൻഎസ് 192 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ദം തകർത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയത്.














































