മലപ്പുറം: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതന്ന്മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഎം-എസ്ഡിപിഐ സഹകരണമുണ്ടെന്നും ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഎം ആണെന്നും സലാം പറഞ്ഞു.
ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് പിണറായി വിജയനെന്നും പി.എം.എ സലാം പറഞ്ഞു. ‘തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മികച്ച വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ ചേര്‍ത്തുപിടിക്കുകയും വലിയ വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ആ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ മത്സരത്തിനിറങ്ങുന്നത്.
പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ച് അവര്‍ യുഡിഎഫ് പ്രവര്‍ത്തകരോട് പരാതിപ്പെടുന്നുണ്ട്. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് പറയുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ ദുര്‍ഭരണം കാഴ്ചവെച്ച ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനായി ജനങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്’. സലാം വ്യക്തമാക്കി. ‘രാഷ്ട്രീയമോ വികസനപരമോ ആയ കാര്യങ്ങള്‍ പത്ത് വര്‍ഷം ഭരിച്ചിട്ടും പറയാനില്ലാത്തതിനാലാണ് സര്‍ക്കാര്‍ നിരന്തരം ലീഗിനെതിരെ വര്‍ഗീയത പറയുന്നത്. ഷാഫി പറമ്പില്‍ മത്സരിച്ചപ്പോള്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അതിന്റെ ഉദാഹരണമാണ്. അതുപോലുള്ള ഒരുപാട് പ്രചാരണങ്ങള്‍ അവര്‍ നടത്തും. അതിന്റെ ഉദാഹരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.’
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ചും സലാം പ്രതികരിച്ചു. ‘ലീഗ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ ആദ്യം നടപടി സ്വീകരിച്ചത് ലീഗ് തന്നെയായിരുന്നു. പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തല്ലോ. മറ്റേത് പാര്‍ട്ടിക്കാണ് അത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുക? പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എന്തെല്ലാം വിദ്വേശ പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയത്. അതിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ? ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ സ്വീകരിച്ചത് പോലുള്ള മാതൃക സ്വീകരിച്ചത് പോലെയുള്ള നടപടി സ്വീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നാണ് പറയാനുള്ളത്’. സലാം വ്യക്തമാക്കി.















































