വാഷിങ്ടൺ : യുഎസുമായി കരയുദ്ധ സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ ഇറാൻ പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലേക്ക് വലിയ തോതിൽ യുവ വോളന്റിയർമാർ ഒഴുകിയെത്തുകയാണെന്നും, അവർ യുദ്ധത്തിനായി തയ്യാറാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബാസിജ്, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ, കരസേന എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകാനുള്ള ആവേശം പോരാളികൾക്കിടയിൽ പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നു.
ഇതിനിടെ, അമേരിക്കയും സൈനിക നീക്കങ്ങൾ ശക്തമാക്കുകയാണ്. എലൈറ്റ് 82-ആം എയർബോൺ ഡിവിഷനിലെ സൈനികർ അടുത്ത ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ എത്തി, ഇതിനകം അവിടെ നിലയുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് മറീനുകളോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുഎസിന്റെ നയതന്ത്ര ശ്രമങ്ങളെ ഇറാൻ തുറന്നടിച്ച് തള്ളിയിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിയൻ മണ്ണിൽ കടന്നുകയറുകയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.






