ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മർദ തന്ത്രം പുറത്തെടുത്തിട്ടും എംപിമാർ മത്സരിക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കണ്ണൂരും കോന്നിയിലും എംപിമാർക്ക് മത്സരിക്കാനാകില്ല. നേരത്തെമുതൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നതിൽ കണ്ണൂരിൽ മത്സരിക്കണമെന്ന കെ. സുധാകരന്റെ കടുംപിടിത്തത്തെ ചൊല്ലിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുധാകരനു പുറമെ കോന്നിയിൽ ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന കർക്കശ നിലപാടാണ് ഹൈക്കമാൻഡ് നേരത്തെ മുതൽ കൈക്കൊണ്ടത്.
ഇതോടെ കണ്ണൂരിൽ മുൻ കോർപ്പറേഷൻ മേയറായിരുന്ന ടി.ഒ, മോഹനൻ കോൺഗ്രസിന്റെ സ്ഥാനാർഥിയായേക്കും. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത. അതേസമയം കണ്ണൂരിൽ ഇനി സുധാകരന്റെ നീക്കങ്ങളെന്താകുമെന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. മാത്രമല്ല മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചകളിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ അമർഷമുണ്ടാക്കുന്നുണ്ട്.
അതേസമയം എംപിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാനും സ്ഥാനാർഥി പട്ടികയ്ക്കും ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി യോഗം, തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം (സി.ഇ.സി.), പിന്നാലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രത്യേക യോഗം- മാരത്തൺ ചർച്ചകൾ നടത്തി. ഇനി 36 സീറ്റുകളാണ് പ്രഖ്യാപിക്കാനുള്ളത്. കണ്ണൂരും കോന്നിയുമുൾപ്പെടെ ചില സീറ്റുകൾ ഒഴിച്ചിട്ട് പട്ടിക പുറത്തിറക്കാൻ ധാരണയായെങ്കിലും പിന്നീട് മാറ്റി. ഇന്ന് രാവിലെ പത്തുമണിക്ക് സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.












































