കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ മധ്യവയസ്കനെ വെടിവച്ചു കൊന്ന ശേഷം പ്രതി കീഴടങ്ങി. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം അയൽവാസിയായ പോളിയാണ് പിന്നീട് അയ്യമ്പുഴ പെോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കൻ ജോസ്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാലടിയുടെയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി കയ്യിൽ കരുതിയിരുന്ന തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനിൽ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇത് കാലടിക്ക് മാറ്റുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടുപോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാഗമായി ലഭിച്ചിട്ടുള്ള ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
വഴിയുമായി ബന്ധപ്പെട്ടുണ്ടായ അതിർത്തി തർക്കത്തെ തുടർന്നാണ് ഏഴു വർഷം മുമ്പ് കാളാപറമ്പൻ ജോസ് കൊലപ്പെടുന്നത്. വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയായി മാറുകയുമായിരുന്നു. പിന്നാലെ കിലുക്കൻ ജോസ്കയ്യിൽ കിട്ടിയ കപ്പയുടെ കടഭാഗം കൊണ്ട് അടിച്ചതിനെ തുടർന്ന് ജോസ് മരിക്കുകയായിരുന്നു. കേസിൽ ജോസിനെ ശിക്ഷിച്ചെങ്കിലും ശിക്ഷ കുറവായതിനെ തുടർന്ന് അപ്പീൽ അടക്കമുള്ള നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പിതാവിന്റെ മരണത്തിൽ മകൻ പ്രതികാരം ചെയ്തത്.















































