തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പോലീസിൽ പരാതി നല്കി. പേരൂർക്കട പൊലീസ് കേസെടുത്തു.
അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ പരാതിയില്ലാതെ അന്വേഷിക്കണമെന്നായിരുന്നു രാജകുടുംബത്തിൻ്റെ ആവശ്യം. രണ്ടു മാസമുമ്പ് ചില ഉദ്യോഗസ്ഥറോട് രാജകുടുംബം വിവരം പറഞ്ഞിരുന്നു. പക്ഷേ കാര്യമായ അന്വേഷണം നടന്നില്ല. കേസെടുത്തേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് കമ്മീഷണർ അറിയിച്ചതോടെയാണ് വഴിത്തിരിവായത്. മോഷണം നടന്ന അലമാരക്കുള്ളിൽ വേറെയും വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ, പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ – 4 പവൻ , വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ , കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും ,പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ , സ്വർണ്ണ കുഴി മിന്നു മാല -5 പവൻ ,എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും ,സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ , റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ,നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ, ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ എന്നിങ്ങനെയുള്ള മൂല്യ ആഭരണ ശേഖരമാണ് മോഷണം പോയത്.
അതേസമയം, പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് രാജകുടുംബം തയ്യാറായിട്ടില്ല.
സൈനിക ക്യാമ്പിലെ ആനകൊമ്പ് മോഷണത്തിന് പിന്നാലെ കൊട്ടാരത്തിലെ സ്വർണാഭരണങ്ങളും മോഷണം പോയത് പൊലീസി നെ സംബന്ധിച്ച് വലിയ പണിയായിരിക്കുകയാണ്.ആനക്കൊമ്പുകൾ ഇതുവരെ കണ്ടത്തിയില്ല. അതിനിടയിലാണ് സ്വർണക്കേസ്.












































