ദുബായ്: ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതിനുപിന്നാലെ വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാൻ ഡ്രോൺ ആക്രമണം നടത്തി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ച ദുബായ് വിമാനത്താവളം താല്ക്കാലികമായി അടച്ചിരിക്കുകയായിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണം തടുത്തപ്പോൾ അവശിഷ്ട ഭാഗങ്ങൾ (debris) വിമാനത്താവളത്തിനുള്ളിൽ വീണതിന് പിന്നാലെയാണ്) വിമാനത്താവളം അടച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.
നിലവിൽ, ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് നിശ്ചലാവസ്ഥയിലായെങ്കിലും ചില വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചു, എന്നാൽ വിമാനക്കമ്പനിയുമായി സ്ഥിരീകരിച്ചതിനുശേഷം മാത്രമേ യാത്രക്കാർ യാത്രയ്ക്കായി എത്താവൂ എന്ന് വിമാനത്താവളം നിർദ്ദേശിച്ചു.
എമിറേറ്റ്സും തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നും എമിറേറ്റ്സ് അറിയിക്കുകയുണ്ടായി. അതിനിടെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം.”ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു” എന്ന് എമിറേറ്റ്സ് അറിയിച്ചു. ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീബുക്ക് ചെയ്യാനോ റീഫണ്ട് അഭ്യർത്ഥിക്കാനോ ഉള്ള ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ട്.
ദുബായിൽ നിന്ന് പുറപ്പെടുന്നതിനായി വിമാനങ്ങൾക്കായി കാത്തിരുന്ന യാത്രക്കാർ ആക്രമണമുണ്ടായ മാത്രയിൽ അലേർട്ട് മുഴങ്ങിയതിനെത്തുടർന്ന് എയർഫീൽഡിലെ ടണലുകളിലേക്ക് ഇറങ്ങിയെന്ന് എൻഡി ടിവി റിപ്പോർട്ടു ചെയ്യുന്നു. വിമാനത്താവളത്തിന് മുകളിൽ ഒരു സ്ഫോടനം കേട്ടതായും തുടർന്ന് വായുവിൽ പുക മേഘങ്ങൾ ഉയർന്നതായും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ടുണ്ട്. നഗരത്തിലുടനീളമുള്ള സ്‌ഫോടനങ്ങളെക്കുറിച്ച് നിരവധി താമസക്കാരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് പറഞ്ഞു. നിലവിൽ വ്യോമപ്രതിരോധം സജീവമാക്കിയതായി സർക്കാർ അറിയിച്ചു.
















































