കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് കനത്ത തിരിച്ചടിയാവുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു.
കൂടാതെ ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എംആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന തസ്തികകളിൽ വലിയ അഴിച്ചുപണി
ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നാണ് സി എ ടി വ്യക്തമാക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ഓർമ്മിപ്പിച്ചു. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കുന്ന ഈ വിധി ഭരണതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

















































