ന്യൂയോർക്ക്: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പ്രതികാരമായി ഇറാനും സഖ്യകക്ഷികളും യുഎസിനെ ലക്ഷ്യമിട്ടേക്കാമെന്ന് ഇന്റലിജൻസ് വിലയിരുത്തൽ. ഇറാനും സഖ്യകക്ഷികളും പ്രോക്‌സി ഗ്രൂപ്പുകളും ചേർന്ന് യുഎസിനെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ആസൂത്രണംചെയ്‌തേക്കാമെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തൽ.
അതേസമയം, അമേരിക്കൻ മണ്ണിൽ വലിയതോതിലുള്ള സൈനിക ആക്രമണത്തിന് സാധ്യതയില്ലെന്നും ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അധികൃതർ കരുതുന്നു. എങ്കിലും സൈബർ ആക്രമണങ്ങൾക്കും നിർദിഷ്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും സാധ്യതയുണ്ടെന്നാണ് യുഎസ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഇറാൻ അനുകൂലികളായ ഹാക്കർമാർ യുഎസ് വെബ്‌സൈറ്റുകളെയും നെറ്റ്‌വർക്കുകളെയും ലക്ഷ്യമിട്ടേക്കാം. പശ്ചിമേഷ്യയിൽ യുഎസിനും സഖ്യകക്ഷികൾക്കും നേരേ ഇറാൻ ആക്രമണങ്ങൾ തുടരുമെന്നും യുഎസ് അധികൃതർ കരുതുന്നു.
രാജ്യത്തിനെതിരായ ഏത് ഭീഷണിയേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് തടയുകയുംചെയ്യുന്നത് തുടരുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഇക്കാര്യങ്ങളെല്ലാം ഫെഡറൽ ഇന്റലിജൻസ് നിയമ നിർവഹണ ഏജൻസികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.














































