കൊല്ലം: ശ്വാസം മുട്ടലിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിനിയായ 18കാരിയാണ് അമ്മയ്‌ക്കൊപ്പം ഒ.പി വിഭാഗത്തില്‍ ചികിത്സ തേടി എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ ഇവര്‍ക്ക് ഇന്‍ജക്ഷന്‍ നിര്‍ദേശിച്ച് കുറിപ്പ് നല്‍കി. കുറിപ്പുമായി ഇഞ്ചക്ഷന്‍ മുറിയിലെത്തിയപ്പോള്‍ അവിടെ തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തിയിരുന്നു.
ഇതോടെ അയാള്‍ക്ക് നല്‍കേണ്ട പേവിഷ പ്രതിരോധ മരുന്ന് ആളുമാറി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ പെണ്‍കുട്ടിക്ക് നല്‍കി. മരുന്ന് മാറിയ വിവരമറിഞ്ഞതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതോടെ പേവിഷബാധ കുത്തിവയ്പ് അപകടകരമല്ലെന്ന് പെണ്‍കുട്ടിയെയും ബന്ധുവിനെയും ഡോക്ടര്‍മാര്‍ അറിയിച്ചു. സിപിഎം പാര്‍ട്ടി കുടുംബാംഗമായ പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നേതാക്കളുടെ ഇടപെടലും ഉണ്ടായി.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ സ്ഥലം മാറ്റിയ അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം ബുധനാഴ്ച തെളിവെടുപ്പ് നടത്തും.














































