ടെഹ്റാൻ: ഇറാന്റെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിതനായ ആയത്തുല്ല അലിറീസ അറാഫി മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവും കൂടിയാണ്. ഇറാന്റെ സുപ്രീം ലീഡർ ആയിരുന്ന ഖമേനയിയുടെ മരണത്തിന് മണിക്കൂറുകൾക്കകം രാജ്യത്ത് ഭരണഘടനാപരമായ അടിയന്തര സംവിധാനങ്ങൾ സജീവമാക്കി ഇടക്കാല നേതൃത്വ കൗൺസിൽ രൂപീകരിച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഗാർഡിയൻ കൗൺസിലിലെ മുതിർന്ന മതപണ്ഡിതനും ദീർഘകാലം ഖമേനയിയുയുടെ അടുത്ത അനുയായിയുമായ അറാഫിയടക്കമുള്ള മൂന്നംഗ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഖമേനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. ഈ കൗൺസിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 111 അനുസരിച്ച് സ്ഥിരം സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ നിർവഹിക്കും.
ഭരണഘടനാ വ്യവസ്ഥപ്രകാരം സുപ്രീം ലീഡറുടെ മരണം, രാജി, അല്ലെങ്കിൽ അധികാരശൂന്യത സംഭവിക്കുന്ന സാഹചര്യത്തിൽ അസംബ്ലി ഓഫ് എക്സ്പേർട്ട്സ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ ഇടക്കാല കൗൺസിൽ രാജ്യഭരണം കൈകാര്യം ചെയ്യേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ സുപ്രീം ലീഡറുടെ നിർണായക ഭരണ-സൈനിക അധികാരങ്ങൾ മൂന്ന് അംഗങ്ങൾ തമ്മിൽ വിഭജിച്ചാണ് നടപ്പാക്കുക. രാജ്യത്തിന്റെ സുരക്ഷ, സൈനിക നീക്കങ്ങൾ, നിയമനിർമാണ അംഗീകാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളിൽ ഈ കൗൺസിലിനായിരിക്കും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം.
ആരാണ് ആയത്തുല്ല അലിറീസ അറാഫി?
1959-ൽ യാസ്ദ് പ്രവിശ്യയിലെ മെയ്‌ബോഡ് നഗരത്തിൽ ജനിച്ച അറാഫി വളരെ ചെറുപ്പത്തിൽ തന്നെ മതപഠന രംഗത്തേക്ക് കടന്നുവന്നിരുന്നു. പതിനൊന്നാം വയസ്സിൽ ഖോം നഗരത്തിലേക്ക് മാറിയ അദ്ദേഹം പിന്നീട് ഇറാനിലെ പ്രധാന മതപണ്ഡിതരിൽ ഒരാളായി ഉയർന്നു. ഗാർഡിയൻ കൗൺസിലിൽ അംഗമായിരുന്ന അദ്ദേഹം പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ പരിശോധിക്കുന്നതിലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. കൂടാതെ, സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പേർട്സിലും അദ്ദേഹം അംഗമായിരുന്നു. അൽ മുസ്തഫ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ മുൻ ചെയർമാനായിരുന്ന അറാഫി ഇറാന്റെ സെമിനാരി നെറ്റ്വർക്കിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
1992ൽ 33ാം വയസ്സിൽ വെള്ളിയാഴ്ച പ്രാർഥന നയിക്കാൻ അറാഫി നിയോഗിക്കപ്പെട്ടത് ഖമേനയിക്ക് അറാഫിയിലുള്ള വിശ്വാസം വ്യക്തമാക്കുന്നു. താൽക്കാലിക നേതൃസമിതിയിൽ അംഗമാകുന്നതിനു മുൻപ് ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിൽ അംഗം, പണ്ഡിത സഭ (അസംബ്ലി ഓഫ് എക്സ്പെർട്സ്) അംഗം എന്നീ അതീവ പ്രാധാന്യമുള്ള സ്ഥാനങ്ങളിൽ അറാഫിയെത്തി. 2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ അധികാരമുള്ള ഗാർഡിയൻ കൗൺസിലിൽ അംഗമാകുന്നത്.
ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യമുള്ള അറാഫി, ഇസ്ലാമിക ആശയധാരയെ ആഗോളതലത്തിൽ പ്രചരിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്ന തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എഐ ഉപയോഗിക്കണമെന്ന് അറാഫി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഖമേനയിയുടെ മരണത്തോടെ അദ്ദേഹം വഹിച്ച സ്ഥിരം സുപ്രീം ലീഡറാകാനുള്ള സാധ്യതയുള്ള നേതാക്കളിൽ മുൻപന്തിയിലാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഞായറാഴ്ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതായി ഇറാൻ വാർത്ത ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തത്. അതേസമയം, വിവാദങ്ങളിൽനിന്നും മുക്തനായിരുന്നില്ല അറാഫിയുടെ ജീവിതവും. 2022ൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ അറാഫി നടത്തിയ പ്രതികരണം വലിയ വിവാദത്തിന് കാരണമായിരുന്നു. ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസ്സിലാക്കണം’–എന്നായിരുന്നു അറാഫിയുടെ പ്രതികരണം. ഈ പ്രതികരണത്തെ തുടർന്ന് കാനഡ അറാഫിയ്ക്കെതിരെ ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. 2009 മുതൽ 2018 വരെ അൽ–മുസ്തഫ ഇന്റർനാഷനൽ സർവകലാശാലയുടെ ഡയറക്ടറായിരുന്നു അറാഫി. ഇക്കാലയളവിൽ 5 കോടി ആളുകളം ഷിയ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്നാണ് അറാഫി അവകാശപ്പെടുന്നത്.














































