ചെന്നൈ: പ്രശസ്ത തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിനടുത്തുള്ള ഒരു സ്വകാര്യ ബംഗ്ലാവിലാണ് ‘മായാവി’ നടി വിഷ്ണു പ്രിയയുടെ അച്ഛൻ താമസിച്ചിരുന്നത്. വിനോദസഞ്ചാരികളാണെന്ന് നടിച്ച് വീട്ടിലെത്തിയ ദുരൂഹതയുള്ള ആളുകളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് അനുമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ മുഖവും ശരീരവും ടേപ്പ് ഉപയോഗിച്ച് കെട്ടി കസേരയിൽ ഇരുത്തി കൊലപ്പെടുത്തി എന്ന് പ്രഥമ ദൃക്ഷ്ട്യാ മനസ്സിലാകുന്നത്. വിനോദസഞ്ചാരികൾക്ക് വാടകയ്‌ക്ക് നൽകാറുള്ള ഈ ബംഗ്ലാവിൽ കഴിഞ്ഞ രണ്ടു ദിവസമായി അഞ്ച് പേർ താമസിച്ചിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇയാൾ ധരിച്ചിരുന്ന ആഭരണങ്ങളും മോതിരങ്ങളും മോഷ്ടിക്കപ്പെട്ടു. സംഭവം പുറത്തറിയാതിരിക്കാൻ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും കുറ്റവാളികൾ കൈക്കലാക്കിയെന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ട പ്രധാന വിവരം.















































