ലക്നൗ: ജ്യോതിഷ് പീഠം ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത ശിഷ്യരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും സഹായിക്കുമെതിരെ പോക്സോ കേസ് ചുമത്താൻ കോടതി നിർദേശം നൽകിയത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ പ്രത്യേക പോക്സോ കോടതിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജുൻസി പൊലീസിനോട് ആവശ്യപ്പെട്ടത്.
കോടതി നിർദേശത്തെ തുടർന്ന് പ്രയാഗ്‌രാജിലെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ മുകുന്ദാനന്ദ് ബ്രഹ്മചാരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പ്രയാഗ്‌രാജിൽ നടന്ന മാഘമേളക്കിടെ പ്രായപൂർത്തിയാകാത്ത രണ്ട് ശിഷ്യരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ആരോപണവിധേയനായ സ്വാമിയും ശിഷ്യനും ആരോപണങ്ങൾ നിഷേധിക്കുകയും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു. പരാതി പ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ശിഷ്യന്മാരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായാണ് ആരോപിക്കുന്നത്.
2025 ലെ കുംഭമേളയ്ക്കും 2026 ലെ മാഘമേളക്കും മുന്നോടിയായി പ്രയാഗ്‌രാജിൽ സംഘടിപ്പിച്ച മതപരമായ ക്യാമ്പുകൾക്കിടയിലാണ് സംഭവങ്ങൾ നടന്നതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ക്യാമ്പ് പരിസരത്തും ക്യാമ്പിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലും പീഡനം നടന്നതായി പരാതിയിൽ ആരോപിക്കുന്നു.

















































