കോഴിക്കോട്: കുറ്റ്യാടിയിൽ മൂന്നു യുവാക്കൾക്കു ആറംഗ സംഘത്തിന്റെ വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രഥമിക വിവരം. ഞായറാഴ്ച രാത്രി 9.20 ന് ആണ് സംഭവം. കുറ്റ്യാടി നിട്ടൂർ മൊട്ടന്തറ എന്ന സ്ഥലത്താണു യുവാക്കൾക്കു വെട്ടേറ്റത്. ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണു വെട്ടേറ്റത്.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം യുവക്കൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ബൈക്കുകളിൽ എത്തിയ ഒരാളുടെ മകളുമായി വെട്ടേറ്റ ഷോജിന്റെ ബന്ധു പ്രണയത്തിലായിരുന്നു. ഇതു സംബന്ധിച്ച തർക്കത്തെ തുടർന്നു വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വാക്കത്തി ഉപയോഗിച്ചു വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.
യുവാക്കളെ വെട്ടിയശേഷം ബൈക്കുകളിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. നരിക്കാട്ടേരി സ്വദേശി ശ്രീജിത്ത് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. വെട്ടേറ്റവരുടെ പരുക്കുകൾ ഗുരുതരമല്ല. ഇവരിൽ ഷോജിനെയും ബബിനെയും മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു,






