തൃശൂർ: പെരുമ്പിലാവ് അൻസാർ സ്‌പ്രൗഡ്‌സ് സ്‌കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിൻ്റെ പുറക് വശത്ത് മതിലിൽ ചാടിയാണ് മോഷ്ടാവ് സ്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിൻ്റെ മുൻവശത്തെ പ്രധാന ഗ്രില്ലിൻ്റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്കൂൾ ഓഫീസിൻ്റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പങ്ങൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തു. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പവും അലമാരയും കുത്തി തുറന്നിട്ടുണ്ട്.
പ്രധാനാധ്യാപകൻ്റെ റൂമിൻ്റെ വാതിൽ തകർക്കുകയും മേശയിലെ സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്ത നിലയിലാണ്. കൂടാതെ മേശയുടെ മുകളിൽ “കുട്ടികൾ പടിക്കട്ടെ എന്ന് കള്ളൻ ” എന്ന കുറിപ്പും എഴുതി വച്ചിട്ടുണ്ട്. കെജി സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരുന്ന 2000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കുന്നംകുളം എസ്ഐ ടി.പി. ജാബിറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.













































