കാസര്‍കോട്: ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നായന്മാര്‍മൂല പടിഞ്ഞാറെ മൂലയിലെ പി ഉമ്മറി(42)ന്റെ പരാതിയില്‍ മുഹമ്മദലി, അബ്ദുല്‍ ഫിറോസ്, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് കെ പി ആര്‍ റാവു റോഡിലെ ‘മലബാര്‍ ഫിഷ് പോയിന്റ്’ എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം നല്‍കാന്‍ വൈകി യെന്നാരോപിച്ച് ജീവനക്കാരനായ ഉമ്മറിനെ തടഞ്ഞുനിര്‍ത്തി വെള്ളം നിറച്ച സ്റ്റീല്‍ ജഗ്ഗ് കൊണ്ട് മുഖത്തടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മറ്റു രണ്ടു പേര്‍ മുഖത്തും പുറത്തും അടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ അക്രമികളില്‍ ഒരാള്‍ ഹോട്ടലിന്റെ മുൻ വശത്തുളള ഗ്ലാസിലേക്ക് എറിഞ്ഞുവെന്നും ഗ്ലാസ് പൊട്ടി അതുവഴി നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റതായും കൂട്ടിച്ചേര്‍ത്തു.

















































