തിരുവനന്തപുരം: വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വൃക്കകളും കരളും വിജയകരമായി മാറ്റിവച്ചു. വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശ്രേയ എന്ന പത്തുവയസുകാരിക്കും കരൾ ആറുമാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനുമാണ് മാറ്റിവച്ചത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി.
അതേസമയം, ആലിന്റെ സംസ്കാരച്ചടങ്ങുകൾ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി 12 മണിക്കാരംഭിച്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കിംസിലും വിജയകരമായി പൂർത്തിയായെന്ന് കെ- സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. രണ്ടു കുട്ടികളും ഐസിയുവിൽ ആണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.















































