കൊൽക്കത്ത: എസ്‌ഐആർ ആവശ്യമെന്ന പേരില്‍ വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി ബിഎൽഒയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 30 വയസ്സുള്ള നാസിർ അലി എന്നയാളുടെ മൃതദേഹ ഭാഗങ്ങൾ വെള്ളിയാഴ്ച ഒരു കനാലിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസറായ റിസ്വാൻ ഹസൻ മൊണ്ടാളിനെയും കൂട്ടാളി സാഗർ ഗൈനെയും പോലീസ് അറസ്റ്റ് ചെയ്തു. റിസ്വാൻ ഹസൻ മൊണ്ടാളിന് നാസിർ അലിയുടെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബംഗാളിൽ എസ്‌ഐആർ നടപടികൾ പുരോഗമിച്ചുവരുന്നതിനിടെയാണ് സംഭവം നടക്കുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ചില വിഷയങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി വൈകി വിജനമായ സ്ഥലത്തേക്ക് നാസിർ അലിയെ വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് നാസിർ അലി വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. തിങ്കളാഴ്ച രാത്രി മുതൽ നാസിർ അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം കുടുംബം പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ കനാലിൽ നിന്ന് നാസിർ അലിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.
നാസിർ അലിയുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിൽ നിന്നാണ് മൊണ്ടാളിലേക്ക് അന്വേഷണമെത്തിയത്. ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ബിഎൽഒ റിസ്‌വാൻ മൊണ്ടാളിനെ ചോദ്യം ചെയ്തു. അലിയെ കൊലപ്പെടുത്തിയതായും മൃതദേഹം കനാലിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും ഇയാൾ കുറ്റസമ്മതനം നടത്തി. തുടർന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിനും മൃതദേഹം വെട്ടിമുറിച്ച് കനാലിൽ ഉപേക്ഷിക്കുന്നതിനും മൊണ്ടാളിനെ സഹായിച്ച ആളേയും അറസ്റ്റ് ചെയ്തതു. ഇതിനിടെ നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. പിന്നീട് പോലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചു.















































