ടെഹ്‌റാൻ: മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകളിൽ അസാധാരണമായ ഒരു നീക്കം ഇറാൻ സ്വീകരിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ “സ്ഥിരതയില്ലാത്ത പെരുമാറ്റം” കൈകാര്യം ചെയ്യുന്നതിനായി ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയതായി അന്താരാഷ്ട്ര മാധ്യമമായ ഡ്രോപ്പ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടനുസരിച്ച്, രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ഇറാൻ ചർച്ചാ സംഘത്തിന്റെ ഉപദേഷ്ടാക്കളായി നിയമിച്ചു. ട്രംപിന്റെ മാനസിക നില വിലയിരുത്തുകയും, അദ്ദേഹത്തിന് അയയ്ക്കുന്ന സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്നതിൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ചർച്ചയ്ക്കിടെ ട്രംപിന്റെ പ്രതികരണങ്ങളിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം നിയന്ത്രിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇസ്ലാമാബാദിൽ ഏപ്രിലിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെയാണ് ഈ വിദഗ്ധരെ ഉൾപ്പെടുത്തിയതെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അമേരിക്കയും ഇറാനും തമ്മിൽ സ്ഥിര സമാധാനത്തിനായി ഒരു ധാരണാപത്രം (MoU) തയ്യാറാക്കുന്നതിനിടെയാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “സൈക്കോളജിസ്റ്റുകളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയതോടെ ട്രംപിന്റെ പ്രതികരണങ്ങളിൽ വ്യക്തമായ മാറ്റം കണ്ടു” എന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
അതേസമയം ട്രംപിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കയ്ക്കുള്ളിലും ഉയർന്നിട്ടുണ്ട്. ഈ വർഷം നടന്ന Reuters/Ipsos സർവേയിൽ 61 ശതമാനം പേർ ട്രംപ് പ്രായം കൂടുന്തോറും കൂടുതൽ അസ്ഥിരനായി മാറിയെന്നാണ് അഭിപ്രായപ്പെട്ടത്. ഡെമോക്രാറ്റുകൾക്കിടയിൽ ഈ നിരീക്ഷണം ശക്തമായിരിക്കുമ്പോൾ, റിപ്പബ്ലിക്കൻ പിന്തുണക്കാർക്കിടയിലും ഇതിന് ഭാഗിക പിന്തുണയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
2025 ജനുവരിയിൽ വീണ്ടും അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ്, വേഗത്തിൽ നിരവധി നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികളിൽ വ്യാപകമായ തീരുവകൾ ഏർപ്പെടുത്തൽ, അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ സജീവ ഇടപെടൽ തുടങ്ങിയവയൊക്കെയാണ് പുതിയ ആശയക്കുഴപ്പത്തിനു പിന്നിൽ.
അതേസമയം ഏകദേശം നാല് മാസത്തോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാൻ താത്കാലിക ധാരണയിലെത്തിയിട്ടുണ്ട്. ഈ കരാർ വെള്ളിയാഴ്ച സ്വിറ്റ്സർലാൻഡിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഉപ വിദേശകാര്യമന്ത്രി മജീദ് തഖ്ത്-റവാൻചി പ്രകാരം, ഇറാൻ പ്രതിനിധി സംഘത്തെ മുഹമ്മദ് ബാഗർ ഖലിബാഫ് നയിക്കും. അമേരിക്കൻ സംഘത്തെ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് നേതൃത്വം നൽകും. ഈ വിഷയത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.















































