തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിലാണ്. ഒടുവിൽ സീറ്റിൽ തീരുമാനം ആയി. ഭാഗ്യമണ്ഡലമായ വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളീധരൻ. തീരുമാനമെടുത്ത ശേഷം കോൺഗ്രസ് നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പോരിനായി പഴയ തട്ടകം തന്നെമുരളി തീരുമാനമെടുത്തതോടെ വട്ടിയൂർക്കാവിൽ ശക്തമായി ത്രികോണ മത്സരം ഉറപ്പായി.
പ്രചാരണ സമിതിയും, പ്രകടന പത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന്കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. 25ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎൽഎമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുകയെന്നാണ് അറിയുന്നത്.
അതേസമയം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയിൽ ആരെന്നതിലും തീരുമാനം വരും. ബെന്നി ബഹ്നാൻ എംപിയുടെ പേരിനാണ് മുൻഗണന. കെസി ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കളുടെ പേരുകളും ചർച്ചയിൽ വന്നിരുന്നു. കൊടിക്കുന്നിൽ സുരേഷിൻറെ പേര് ഉയർന്നെങ്കിലും പകരം ചുമതല നൽകുമ്പോഴും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാകും നീക്കം.






