തിരുവനന്തപുരം: തിരുവനന്തപുരത്ത് 16-കാരിയായ പ്ലസ്ടു വിദ്യാർഥിനിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പ്രണയം നിരസിച്ചതിനെ തുടർന്ന് പനവൂർ സ്വദേശി സഹദ് (21) പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
നേരത്തെ കാറിലെത്തിയ യുവാവ് പെൺകുട്ടിയുടെ വീടിന് സമീപത്തായി ആക്രമിക്കാനായി ആയുധവുമായി കാത്തിരുന്നു. വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പ്രതി കുത്തിവീഴ്ത്തി. സംഭവത്തിന് ശേഷം അക്രമി കാറിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
അതേസമയം അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഴുത്തിന് പിറകിലെ കുത്ത് ആഴത്തിലുള്ളതാണെന്നാണ് വിവരം. കൂടാതെ പ്രദേശത്ത് പിടിവലി കൂടിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
കുത്തേറ്റ പെൺകുട്ടി മരണവെപ്രാളത്തിൽ അലറിക്കരഞ്ഞതോടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരിന്നു. വട്ടപ്പാറ പെോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
















































