നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. കേരളത്തിലെ മുന്നണികളെല്ലാം ഒരുക്കങ്ങളും തുടങ്ങി. എൽഡിഎഫും യുഡിഎഫും പ്രചരണ ജാഥകളും ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് ഒറ്റ ജാഥയായാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതയുഗയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചു. എന്നാൽ ഇടതു മുന്നണി മൂന്ന് മേഖലകളായി മൂന്ന് യാത്രകളാണ് നടത്തുന്നത് അവയും നടക്കുന്നുണ്ട്.
അതിൽ മന്ത്രി കെഎൻ ബാലഗോപാൽ കൊല്ലം കൊട്ടാരക്കരയിൽ നയിച്ച എൽഡിഎഫ് വികസന സന്ദേശജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കര സർക്കാർ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളെ സർക്കാർ വാഹനത്തിൽ ജാഥയ്ക്ക് എത്തിച്ചെന്നാണ് ആരോപണം.
ഇതോടെ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന യൂത്ത് കോൺഗ്രസ് ജാഥയ്ക്ക് ബസും കുട്ടികളേയും വിട്ടു തരണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇതേ പരിപാടി ഇടത് മുന്നണി മുമ്പും പലയിടത്തും പയറ്റിയിരുന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള ബസ് യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സ്കൂൾ കുട്ടികളെ റോഡിൽ നിർത്തിയത് ഒക്കെ അന്ന് വിവാദമായിരുന്നു. ഭരിക്കുന്ന കക്ഷിക്ക് ഉള്ള ഇത്തരം സ്വാധീനങ്ങൾ പക്ഷേ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് ചേർന്നതല്ല എന്നുണ്ടെങ്കിലും പലപ്പോഴും ഭരണകക്ഷികൾ ഇത് നടത്താറുണ്ട്. സർക്കാരിന്റെ പ്രചരണം എന്ന പേരിൽ പൊതു ഖജനാവിൽ നിന്നും പണം ചെലവഴിച്ച് ഭരിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും മൈലേജുണ്ടാക്കാനുള്ള ശ്രമങ്ങൾ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. മോദിയുടെ ചിത്രങ്ങളും തെലുങ്കാന സർക്കാരിന്റേയും ചന്ദ്രശേഖർ റാവുവിന്റേയും പരസ്യങ്ങളും മലയാള പത്രങ്ങളുടെ മുൻ പേജിൽ തന്നെ നമ്മൾ കണ്ടിട്ടുണ്ട്. ഭരണപക്ഷത്തുള്ളവരുടെ ഒരു സൗകര്യമാണത്. പക്ഷേ എത്ര പരസ്യം നൽകിയാലും ജനങ്ങൾ അതിനെ ഏറ്റെടുത്തോളണം എന്നില്ല. കാരണം 2004 ലെ വാജ്പേയി സർക്കാരിന്റെ ഇന്ത്യ ഷൈനിംഗ് എന്ന പരസ്യം തന്നെ ഏറ്റവും വലിയ ഉദാഹരണം. ജനമനസുകൾ അനുകൂലമാണെന്ന് സർവ്വേകളും ഇന്റലിജൻസും പറഞ്ഞപ്പോൾ സർക്കാർ കാലവധി തീരും മുമ്പേ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ നൽകിയ പരസ്യമായിരുന്നു ഇന്ത്യ ഷൈനിംഗ്. പക്ഷേ തീർത്തും പാളിപ്പോയി. പത്തുകൊല്ലം പ്രതിപക്ഷത്തിരിക്കേണ്ടിയും വന്നു. അതുപോലെ പരസ്യത്തിന് വൻതുക മുടക്കിയിട്ടും ചന്ദ്രശേഖർ റാവു സർക്കാരിന് തുടരാനായില്ല. ഇതെല്ലാം കാണിക്കുന്നത് പരസ്യങ്ങൾക്കപ്പുറം ജനങ്ങൾക്ക് ബോധ്യങ്ങളാണ് വലുതെന്നതാണ്.
എന്തായാലും ഇത്തവണ പിണറായി സർക്കാർ പക്ഷേ പരസ്യങ്ങളിലാണ് കൂടുതൽ ശ്രദ്ധയൂന്നുന്നത്. അത് ഫലിക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പും സർക്കാർ നടത്തിയ പരസ്യ പ്രചരണങ്ങൾ തന്നെയായിരുന്നു നവകേരള ബസ് യാത്രയും പെൻഷൻ കൂട്ടലും ഒക്കെ. പക്ഷെ വിപരീത ഫലമാണ് ഉണ്ടായത്. ഈ നഴ്‌സിംഗ് കോളേജ് സംഭവവും ജനങ്ങളിൽ ഉണർത്തുന്ന വികാരവും മറ്റൊന്നാകാനിടയില്ല.
അതിനിടെ ഇടതു മുന്നണിയുടെ റാലിയിൽ കണ്ണൂരിൽ ഗോവിന്ദൻ മാഷുടെ റാലിക്ക് ബംഗാളികളെ മുദ്രാവാക്യം പഠിപ്പിക്കുന്ന വീഡിയോ വൈറൽ ആവുകയും ധാരാളം ട്രോളുകൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും ബംഗാളികളുടെ മുദ്രാവാക്യ വീഡിയോ ബിജിഎം ഇട്ട് അഭയമേകിയവർക്ക് അഭിവാദ്യം എന്നൊക്കെയുള്ള മാസ് ഡയലോഗും വച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഗോവിന്ദൻമാഷുടെ തൊലിക്കട്ടി അപാരം എന്നേ പറയേണ്ടു.
ഭരിക്കുന്ന മുന്നണി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ യാത്രയിലെ പ്രസംഗത്തിന് ഇതാണ് അവസ്ഥയെങ്കിൽ ആ പാർട്ടി ഇരുന്ന് ചിന്തിച്ചേ പറ്റൂ. കൃത്യമായി ആളെ ഇറക്കാൻ ഉള്ള കേഡർ സംവിധാനമുള്ള പാർട്ടിയുടെ നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് കാലിയായ കസേരകളാണ് സാക്ഷിയെങ്കിൽ ജനങ്ങളുടെ മനസിൽ നിന്നും ആ പാർട്ടി കുടിയിറങ്ങിത്തുടങ്ങി എന്നു തന്നെയാണ് മനസിലാക്കേണ്ടത്. എന്തായാലും യാത്ര അവസാനിക്കും മുമ്പേ ജനമനസിൽ കുടിയേറുക എന്ന ലക്ഷ്യത്തിന് പകരം ഉള്ള പിന്തുണ കൂടി നഷ്ടമാകുന്ന കാഴ്ചയാണ് ഇടതുമുന്നണിയുടെ പ്രചരണജാഥയിൽ കാണുന്നത്.
















































