ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബറേലി സ്വദേശിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പ്രതി നരേഷിനെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി വൈകി ഗ്രേറ്റർ നോയിഡയിലെ സിർസ സർക്കിളിന് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. രണ്ടുപേർ തമ്മിൽ സംഘർഷമുണ്ടാകുന്നതായി ഡയൽ-112 ലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒരു സ്വകാര്യ കമ്പനിയിലെ വ്യത്യസ്ത യൂണിറ്റുകളിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷും നരേഷും.
ഇതേ കമ്പനിയിലെ ജീവനക്കാരിയായ ബോബി എന്ന യുവതിയും നരേഷും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ അടുത്തകാലത്തായി യുവതി സുരേഷുമായി സംസാരിക്കാൻ തുടങ്ങിയത് നരേഷിനെ പ്രകോപിപ്പിച്ചു. ഇരുവരും തമ്മിൽ സംസാരിക്കരുതെന്ന് നരേഷ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരേഷും ബോബിയും ഇത് അവഗണിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്. സംഭവദിവസം രാത്രി സിർസ സർക്കിളിന് സമീപം വെച്ച് കണ്ടുമുട്ടിയ സുരേഷും നരേഷും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് യുവതിയുടെ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ നരേഷ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സുരേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നരേഷിനും പരിക്കേറ്റിട്ടുണ്ട്.


















































