ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു.
സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ് ഖാർഗെയോട് പറഞ്ഞത്. അതേ തുടർന്ന് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
താഴെത്തട്ടിൽനിന്ന് രാഷ്ട്രപതിപദവിയിലെത്തിയ ഗിരിവർഗക്കാരിയോടും ആ സമൂഹത്തോടും ഭരണഘടനാപദവിയോടുമുള്ള അവഹേളനമാണ് പ്രതിപക്ഷത്തിൻ്റെ നിലപാടെന്ന് മോദി കുറ്റപ്പെടുത്തി. തന്നെപ്പോലുള്ള പാവപ്പെട്ട കുടുംബത്തിൽനിന്നുള്ള മനുഷ്യൻ പ്രധാനമന്ത്രിപദവിയിലെത്തിയതും അവർക്കിഷ്ടപ്പെടുന്നില്ല.
അനുച്ഛേദം 370 റദ്ദാക്കി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൊണ്ടുവന്നു, പാകിസ്ഥാനിൽ ഭീകരവാദികളെ അവരുടെ താവളത്തിൽ തീർത്തു… എന്നിങ്ങനെ തൻ്റെ ഭരണനടപടികൾ ഓരോന്നായിസഎണ്ണിപ്പറഞ്ഞ മോദി, ഇതെല്ലാം കാരണമാണ് തൻ്റെ ശവക്കല്ലറ തുറക്കാൻ പലരും ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ നെഹ്‌റു പറഞ്ഞത്, തൻ്റെ മുന്നിൽ 35 കോടി പ്രശ്‌നങ്ങളുണ്ട്. അന്നുള്ള പൗരന്മാരെയെല്ലാം നെഹ്റു പ്രശ്നങ്ങളാണ് കണ്ടത്. എനിക്ക് 140 കോടി ജനങ്ങൾ 140 കോടി പരിഹാരമാർഗങ്ങളാണ്. ഹിമാചലിൽ കർഷകർക്ക് ജീപ്പ് കൊടുക്കുന്ന പദ്ധതി റോഡ് മോശമായതിനാൽ കഴുതയെ കൊടുത്താൽമതി എന്ന് ആസൂത്രണ കമ്മിഷനോട് പറഞ്ഞയാളാണ് ഇന്ദിരാഗാന്ധിയെന്നും മോദി ആരോപിച്ചു.
കഴിഞ്ഞദിവസം പാർലമെൻ്റിനു മുന്നിൽ, രാജ്യസഭയും മന്ത്രിയുമായ പഞ്ചാബിൽനിന്നുള്ള രവനീത് ബിട്ടുവിനെ രാഹുൽഗാന്ധി ‘വഞ്ചകൻ’ എന്ന് വിളിച്ചതിനെയും മോദി പരാമർശിച്ചു. സിഖുകാരെയാണ് ഇതിലൂടെ ആക്ഷേപിച്ചതെന്നും കോൺഗ്രസിന്റെ സിഖുവിരോധമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.














































