ലഹോർ: ട്വന്റി20 ലോകകപ്പിന് ആറു ദിവസം മാത്രം ബാക്കി നിൽക്കെ പഴയ നാടകം പൊടിതട്ടിയെടുത്ത് പാക്കിസ്ഥാൻ. ലോകകപ്പിൽ പങ്കെടുക്കുമെന്നും എന്നാൽ ഇന്ത്യയെ മാത്രമായി ബഹിഷ്കരിക്കുമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ലോകകപ്പിലെ ഇന്ത്യ– പാക്ക് പോരാട്ടം. ഈ മത്സരം ബഹിഷ്കരിക്കുമെന്നാണു പാക്കിസ്ഥാൻ ഭീഷണി ഉയർത്തുന്നത്. പാക്കിസ്ഥാൻ സർക്കാർ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി20 ലോകകപ്പിൽനിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ അവർക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു പാക്കിസ്ഥാന്റെ നീക്കം.
‘2026 ലെ ഐസിസി വേൾഡ് ടി20യിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകുന്നു. എന്നിരുന്നാലും, ഫെബ്രുവരി 15 ന് ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല,’ പാക് സർക്കാർ എക്‌സിൽ കുറിച്ചു.
അതേസമയം ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ്, മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടതോടെയാണ് ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായത്. ബംഗ്ലദേശിനു പകരക്കാരായി യൂറോപ്പിൽനിന്ന് സ്കോട്‍ലൻഡ് ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ സർക്കാർ തന്നെ ഭീഷണി മുഴക്കിയത്. ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ പാക്കിസ്ഥാനെതിരെ ഐസിസി നടപടി വരാൻ സാധ്യതയുണ്ട്. നേരത്തെതന്നെ ഭീഷണി തന്ത്രമിറക്കിയ പാക്കിസ്ഥാനെ ഐസിസി നോട്ടപ്പുള്ളിയാക്കി വച്ചതിനിടെയാണ് പുതിയ തന്ത്രമിറക്കുന്നത്.
ലോകകപ്പ് കളിക്കുന്ന കാര്യം ചർച്ച ചെയ്യാൻ പിസിബി തലവൻ മൊഹ്സിൻ നഖ്‍വി, പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ നിർദേശ പ്രകാരമാണ് ഇന്ത്യയെ ബഹിഷ്കരിച്ചതെന്നു ചൂണ്ടിക്കാട്ടി നടപടികളിൽനിന്നു രക്ഷപെടാൻ പാക്ക് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതു ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
അതേസമയംപാക്കിസ്ഥാന്റെ ആവശ്യപ്രകാരം ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ശ്രീലങ്കയിൽ നടത്തുന്നത്. ഇതിനിടെ സൂപ്പർ 8 റൗണ്ടിലോ, സെമി ഫൈനലിലോ എത്തിയാൽ ഇന്ത്യയെ ബഹിഷ്കരിക്കുമോയെന്ന് പാക്കിസ്ഥാൻ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ലോകകപ്പ് മുഴുവനായി ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ പാക്ക് താരങ്ങൾ ശ്രീലങ്കയിലേക്കു പോകാൻ ടിക്കറ്റെടുത്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ ലോകകപ്പ് കളിക്കുമെന്ന് ഇതോടെ ഉറപ്പായിരുന്നു. ഇതോടെയാണ് പുതിയ തന്ത്രമിറക്കി പാക് സർക്കാർ രംഗത്തെത്തിയത്.
















































