മുംബൈ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതു സംബന്ധിച്ച് ഗുരുതര വെളിപ്പെടുത്തലുമായി നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെ. സ്മൃതിയെ പലാശ് വഞ്ചിച്ചെന്നും കിടക്കയിൽ മറ്റൊരു സ്ത്രീക്കൊപ്പം അവൻ കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ പറയുന്നു. ‘‘കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കുമ്പോൾ പലാഷിനെ കയ്യോടെ പിടികൂടി. ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാശിനെ പൊതിരെ തല്ലി.
പലാശിന്‍റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവൻ സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാൽ അതു സംഭവിച്ചില്ല.’’- വിദ്യാന്‍ പറഞ്ഞു.2025 നവംബര്‍ 23നാണ് സ്മൃതിയും പലാശും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി വാര്‍ത്തകള്‍ പുറത്തുവരികയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിപ്പുമുണ്ടായി. സ്മൃതിയെ പലാശ് ചതിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് അന്നു മുതൽ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആരും സ്ഥിരീകരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹം ഉപേക്ഷിച്ചെന്ന് ഡിസംബറില്‍ സ്മൃതി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
അഭ്യൂഹങ്ങൾ ശരിവച്ചാണ് ഇപ്പോൾ വെളിപ്പെടുത്തൽ. സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താനെന്നും സ്മൃതിയുടെ പിതാവാണ് പലാശിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും വിദ്യാന്‍ മാനെ പറഞ്ഞു. പലാശ് തന്‍റെ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് വിദ്യാന്‍ പൊലീസിനെ സമീപിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പലാശിനെതിരെ വിദ്യാൻ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും.














































