കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ എടത്തല എൻഎഡി കവല പുറത്തുപാറ വീട്ടിൽ സുരമ്യ പി.എസ്. (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിലെ ട്വന്റി 20 സ്ഥാനാർഥിയായിരുന്നു സുരമ്യ. ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച് സുരമ്യ പറവൂരിൽ ബസ് ഇറങ്ങി.
തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെ ഷിബിൻ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്ക് നടന്നിരുന്നതായാണ് വിവരം.
സബിത-ശശികുമാർ ദമ്പതികളുടെ മകളാണ് സുരമ്യ. സഹോദരൻ സൂരജ്.




