പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കൊലക്കേസിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ കെട്ടിയ നിലയിൽ പൊതുജനങ്ങൾക്കു മുന്നിലൂടെ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിവാദം ഉയരുകയാണ്. പൊലീസ് നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും നിയമ വിദഗ്ധർക്കിടയിലും വിമർശനം ശക്തമാണ്.
പൂനെയിലെ കത്രജ് മേഖലയിലാണ് സംഭവം. 17-കാരനായ ഗണേഷ് രവീന്ദ്ര മാൽവെയെ മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത ഏഴ് പേർക്കെതിരെ അന്വേഷണം നടക്കുന്നത്. ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് വാഹനത്തിന്റെ മുൻവശത്ത് ബോണറ്റിൽ കെട്ടിയ നിലയിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
ശക്തമായ മഴയ്ക്കിടെയായിരുന്നു പ്രതികളെ ഇത്തരത്തിൽ കൊണ്ടുപോയത്. യാത്രയ്ക്കിടെ വഴിയരികിൽ നിന്ന ചിലർ പ്രതികളെ അധിക്ഷേപിക്കുകയും ഒരാളെ ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും വൈറലായി. കൊല്ലപ്പെട്ട കൗമാരക്കാരന്റെ ബന്ധുവെന്നാണ് ചെരുപ്പുകൊണ്ട് മർദിച്ച സ്ത്രീയെക്കുറിച്ചുള്ള പ്രചാരണം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
പ്രതികൾ പ്രായപൂർത്തിയാകാത്തവരായിരിക്കെ ഇത്തരത്തിൽ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത് നിയമപരമായും ധാർമികമായും ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ ആത്മാവിന് വിരുദ്ധമാണ് ഇത്തരം നടപടിയെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. നിയമം നടപ്പാക്കുന്ന പൊലീസും നിയമനടപടികൾ കൃത്യമായി പാലിക്കേണ്ട ഉത്തരവാദിത്തമുള്ളവരാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
സംഭവം വിവാദമായിട്ടും വൈറലായ ദൃശ്യങ്ങളെയോ പൊലീസ് സ്വീകരിച്ച നടപടിയെയോ കുറിച്ച് മഹാരാഷ്ട്ര പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കേസിന്റെ അന്വേഷണം തുടരുകയാണെന്നും ബന്ധപ്പെട്ട നിയമവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മൊബൈൽ ഫോൺ തിരികെ വാങ്ങുന്നതിനായി റിപ്പയർ കടയിലെത്തിയ ഗണേഷ് മാൽവെയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഗണേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
🎥 Viral from Pune: Three juvenile accused in the Katraj teen murder were seen tied to the bonnet of a police vehicle during a police parade. Another video shows a woman, reportedly related to the victim, striking one accused with her slipper. Police are yet to comment. #Pune pic.twitter.com/a1SgeGU0g0
— Varad Bhatkhande | Journalist (@VaradBhatkhande) July 21, 2026


















































