ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ കാണാതായ 12 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മദ്റസയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു.
ഞായറാഴ്ച വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പാടത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന ഖുർആൻ പിന്നീട് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. സംഭവം വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ‍്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചതായി പൊലീസ് അറിയിച്ചു. നിക്ഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുന്നമെന്നും വ്യക്തമാക്കി.
`ഇന്ന് രാവിലെ 7:15 ഓടെ കുട്ടിയുടെ വീടിന് 200 മീറ്റർ മാത്രം അകലെയുള്ള ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. പ്രഥമദൃഷ്ട്യാ ഇത് ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമാകുന്നുണ്ട്’ ബുദ്ഗാം എസ്.എസ്.പി ഹരിപ്രസാദ് കെ.കെ കൂട്ടിചേർത്തു. അതേ സമയം കൊലപാതകത്തിൽ ജമ്മു-കശ്മീർ മുഖ‍്യമന്ത്രി ഉമർ അബ്ദുല്ല ശക്തമായി അപലപിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്നും അദ്ദേഹം അറിയിച്ചു.
`ഈ ക്രൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു, അവളുടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കൊലപാതകം സമൂഹമാകെ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമെണന്ന് മുഖ്യമന്ത്രി പറഞ്ഞു. `അവളുടെ കൊലപാതകത്തെക്കുറിച്ച് ഏജൻസികൾ അന്വേഷിക്കുമ്പോൾ തന്നെ, നമ്മുടെ കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വമില്ലാതെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്’ അദ്ദേഹം കൂട്ടി ചേർത്തു.






