പത്തനംതിട്ട: മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് ടീമിലെ സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സംഘമാണ് ഡാൻസാഫ്.
ഇന്നലെ വൈകിട്ട് ആറോടെയാണ് പത്തനംതിട്ട എസ്പി ഓഫീസിന് സമീപം സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് അർധരാത്രിയോടെ നടപടിയെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രിയേഷ് എം.ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. നാട്ടുകാർ വാഹനം തടഞ്ഞതിനെ തുടർന്ന് മറ്റ് രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറിപ്പോയിരുന്നു.
പോലീസുകാർ അപകടകരമാം വിധം ജീപ്പ് ഓടിക്കുന്നത് കണ്ട് നാട്ടുകാരാണ് തടഞ്ഞുനിർത്തിയത്. പോലീസ് ജീപ്പ് ഇടിക്കാതെ തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് വനിതാ ഓട്ടോ ഡ്രൈവർ ശോഭ പറഞ്ഞു. തന്റെ ഓട്ടോയിലും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലും പൊലീസ് ജീപ്പ് ഇടിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവർ സീറ്റിൽ കിടന്ന നിലയിലാണ് വാഹനം ഓടിച്ചതെന്നും അവർ ആരോപിച്ചു.
തുടർന്ന് താൻ ജീപ്പിനെ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് ശോഭ പറഞ്ഞു. അല്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വാഹനം തടഞ്ഞതോടെ പൊലീസ് ജീപ്പിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇറങ്ങി ഓടിയതായും, പിന്നീട് സ്ഥലത്തെത്തിയ പൊലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായും ശോഭ പറഞ്ഞു.






