കൽപറ്റ: അലംഭാവം കൊണ്ടാണ് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായതെന്നാണ് താൻ മനസ്സിലാക്കിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം വിളിച്ചുവരുത്തിയതാണ് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. അതിനുള്ള നടപടികൾ ഉടൻ മുഖ്യമന്ത്രി കൈക്കൊള്ളും എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ‘ആരുടെ ഭാഗത്തുനിന്ന് അലംഭാവം വന്നു എന്നതൊക്കെ കൃത്യമായിട്ട് സർക്കാരിന് അറിയാം. അത് സർക്കാർ പറയട്ടെ.
ഞാൻ അതിൽ ഭാഗവാക്ക് അല്ല. ഞാൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രി ഉത്തരവാദിത്വത്തോടെ അത് കണ്ടെത്തി അതിന് മറുപടി നൽകും. തുരങ്കപാത പ്രൊജക്റ്റ് റിവ്യൂ നടന്നോ ഇല്ലയോ എന്നുള്ളത് മുഖ്യമന്ത്രി പറയട്ടെ. പൂർവമുഖ്യമന്ത്രിയാണ് ഇത് തുടങ്ങി വെച്ചത്.
നിലവിലുള്ള മുഖ്യമന്ത്രി അതിന് മറുപടി പറയട്ടെ. പരിസ്ഥിതി പഠനം നടത്താതെ തുരങ്കപാത നിർമാണം തുടങ്ങാൻ ഇവിടുത്തെ പ്രകൃതി സ്നേഹികളും എൻ.ജി.ഒകളും അനുവദിക്കുമോ? അവരും അനുവദിച്ചോ? ഇതൊക്കെ ചോദ്യങ്ങളല്ലേ. ഇതൊന്നും തൊലിപ്പുറ ചോദ്യങ്ങൾ അല്ലല്ലോ. ആഴത്തിലുള്ള ചോദ്യങ്ങളല്ലേ. അതിനൊക്കെ ഉത്തരം കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
















































