പാലക്കാട് ∙ അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ യുവതിയെയും നാല് വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം പ്രതി പ്രൊവത് ദാസ് വെളിപ്പെടുത്തിയതായി പൊലീസ്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.
കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രൊവത് ദാസ്. പശ്ചിമ ബംഗാളിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രോണിതയുടെ ഭർത്താവ് മംഗളൂരുവിലേക്ക് ജോലിക്കായി പോയതിന് പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.
യുവതി ഗർഭിണിയാണോയെന്ന് അറിയുന്നതിനായി കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാഫലം വാങ്ങാതെ ഇരുവരും മടങ്ങി. ഇതിന് പിന്നാലെയാണ് ഗർഭധാരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പ്രതിയുടെ മൊഴി.
സംഭവദിവസം ഇരുവരും മദ്യപിച്ച് വഴക്കുണ്ടായെന്നും തുടർന്ന് പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സംഭവത്തിന് സാക്ഷിയായ നാല് വയസ്സുകാരനെയും പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന്റെ മറ്റ് സാഹചര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.






