തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസും സുഹൃത്തുക്കളും വിദേശത്തേക്ക് ഹവാല പണം കടത്തിയതുമായി ബന്ധപ്പെട്ട ചാറ്റുകളടക്കമുള്ള തെളിവുകൾ ലഭിച്ചതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് വീണ വിജയൻ സഹായിയായി പ്രവർത്തിച്ചെന്നാണ് ഇഡിയുടെ നിഗമനം.
സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 25 പേജുള്ള റിപ്പോർട്ടിലാണ് ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി വിശദീകരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചുവന്ന കവറുള്ള ഡയറി കണ്ടെത്തിയിരുന്നു. ഡയറിയിലെ ഒൻപത് പേജുകളിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സൂചനകളുണ്ടായിരുന്നെന്നാണ് ഇഡി പറയുന്നത്.
തുടർന്ന് കോഴിക്കോട്ടെ റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച മൊഴികളും ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് കണ്ടെത്തിയ ചാറ്റുകളുമാണ് അന്വേഷണ സംഘം പ്രധാന തെളിവുകളായി ചൂണ്ടിക്കാട്ടുന്നത്.
Related Post
സിഎംആർഎല്ലിൽനിന്ന് എക്‌സാലോജിക്കിന് ലഭിച്ച 3.28 കോടി രൂപയ്ക്ക് കൃത്യമായ കണക്കുകളുണ്ടെങ്കിലും അതിന് പുറമെ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്ന പണത്തിന്റെ ഉറവിടം, പണം ആര് നൽകിയെന്നും എന്തിനുവേണ്ടിയാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024 മുതൽ നടന്ന ചില വിദേശയാത്രകളുടെ വിവരങ്ങളും ഉൾപ്പെടുത്തി വിഷയത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഇഡി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.






