ഗ്വാളിയർ: മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്നതിനെയും മുടി മുറിക്കുന്നതും എതിർത്ത അച്ഛനും അമ്മാവനും മുൻപിലേക്ക് 21 കാരിയെത്തിയത് മുടി മുറിച്ച് മറ്റൊരു യുവാവിന്റെ കയ്യും പിടിച്ച്. ഇതോടെ യുവതിയെ അച്ഛനും അമ്മാവനും കൊലപ്പെടുത്തിയതായി ആരോപണം. മധ്യപ്രദേശിലെ ഗ്വാളിയർ ജില്ലയിലെ ഡബ്ര പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
നന്ദനി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ വിജയപുര നഗരത്തിലെ ഒരു മാളിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു നന്ദനി. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി, കുടുംബത്തിന്റെ എതിർപ്പുകൾക്കിടയിലും അമ്മയുടെ പിന്തുണയോടെയാണ് വിജയപുരയിലേക്ക് പോയി ജോലി ചെയ്തിരുന്നത്.
പിന്നീട് രക്ഷാബന്ധൻ ആഘോഷത്തിനായി കഴിഞ്ഞ ആഴ്ച നന്ദനി വീട്ടിലെത്തിയിരുന്നു. തനിക്കൊപ്പം അതേ മാളിൽ ജോലി ചെയ്യുന്ന മഹേന്ദ്ര പാണ്ഡെയെയും യുവതി വീട്ടിലെത്തിച്ചിരുന്നു. ഇയാളെ തന്റെ ‘രാഖി സഹോദരൻ’ എന്നാണ് നന്ദനി കുടുംബത്തിന് പരിചയപ്പെടുത്തിയത്. എന്നാൽ നന്ദനി പാണ്ഡെയെ വീട്ടിലെത്തിച്ചതോടെ കുടുംബത്തിൽ സംഘർഷം രൂക്ഷമായതായി പോലീസ് പറഞ്ഞു.
നന്ദനി മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്നതിനോടും നേരത്തെ തന്നെ അച്ഛൻ ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ യുവതി മുടി ചെറുതാക്കിയതും ഇവരെ പ്രകോപിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഇരുവരും നന്ദനിയെ വീണ്ടും ശകാരിക്കാൻ തുടങ്ങി. ആദ്യം നന്ദനിയുടെ 17കാരിയായ സഹോദരിയെ മർദിച്ചതായാണ് പോലീസ് പറയുന്നത്. നന്ദിനിക്കൊപ്പം പുറത്തുപോകാൻ ഒരുങ്ങുകയായിരുന്ന സഹോദരിയെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയ്ക്കും ആക്രമണം തടയാൻ കഴിഞ്ഞില്ല. മർദനത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റു.
തുടർന്ന് മഹേന്ദ്ര പാണ്ഡെയെയും പ്രതികൾ ആക്രമിച്ചു. പരുക്കേറ്റെങ്കിലും പാണ്ഡെ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അതിനു പിന്നാലെയാണ് നന്ദിനിക്കെതിരെ ആക്രമണം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്നതും കുടുംബത്തിന് അപമാനം ഉണ്ടാക്കുന്ന രീതിയിൽ മുടി ചെറുതാക്കിയതും കൂടാതെ ഒരു പുരുഷ സുഹൃത്തിനെ വീട്ടിലെത്തിച്ചതും ചൂണ്ടിക്കാട്ടി നന്ദിനിയെ പ്രതികൾ ശകാരിച്ചു. തുടർന്ന് യുവതിയുടെ തല ചുമരിൽ ഇടിച്ചെന്നും വടികൊണ്ട് പലതവണ മർദിച്ചു, പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
സംഭവസമയത്ത് നന്ദിനിയുടെ അമ്മയെയും സഹോദരിയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരുന്നു. നന്ദിനിയുടെ നിലവിളിയും വീട്ടിലെ ബഹളവും കേട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇരുവരെയും മുറിയിൽ നിന്ന് പുറത്തിറക്കി.
കൊലപാതകത്തിന് പിന്നാലെ ഭഗവാൻ സിങ് യാദവും സന്തോഷ് സിങ് യാദവും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഭഗവാൻ സിങ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവനായ സന്തോഷ് സിങ് യാദവ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബത്തിൽ ഏറെക്കാലമായി അഭിപ്രായവ്യത്യാസങ്ങളും സംഘർഷവും നിലനിന്നിരുന്നതായി ഗ്രാമവാസികൾ പോലീസിനോട് പറഞ്ഞു.






