ഭുവനേശ്വര്‍: ഒഡിഷയിൽ യുവതികളെ ബൈക്കിടിച്ച് വലിച്ചിഴച്ച സംഭവത്തിൽ പ്രതികളിലൊരാൾ ആൾക്കൂട്ട മർദനമേറ്റ് മരിച്ചു. വ്യാഴാഴ്ച ഭിംഗാർപൂർ മേഖലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. രണ്ട് യുവാക്കൾ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതികളുടെ ദേഹത്തേക്ക് ബൈക്ക് മനഃപൂർവം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇടിച്ചിട്ടതിന് പിന്നാലെ യുവതികളെ റോഡിലൂടെ കുറേദൂരം വലിച്ചിഴക്കുകയും ചെയ്തു. പട്ടാപ്പകല്‍ നടന്ന അപകടം പ്രദേശവാസികളെ ആകെ ഞെട്ടിച്ചു. പിന്നാലെ നാട്ടുകാരെല്ലാം ഒത്തുകൂടുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തു.
യുവതികളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. ഇതിനിടെ പ്രതികൾ രക്ഷപ്പെടാനും ശ്രമിച്ചു. നാട്ടുകാർ പ്രതികളെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മർദനത്തിൽ പ്രതികളിലൊരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികൾ യുവതികളോട് മോശമായി പെരുമാറിയതാണ് തർക്കത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മരിച്ച യുവാവിനെതിരെ പീഡനശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതികൾ നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ഭുവനേശ്വർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ യുവതികളെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഡിസിപി ജഗ്മോഹൻ മീന അറിയിച്ചു.

















































