മുംബെെ: സ്ത്രീയെ മകൾ, ഭാര്യ, അമ്മ തുടങ്ങിയ ബന്ധങ്ങളിലൂടെ മാത്രം നിർവചിക്കുന്ന സാമൂഹിക കാഴ്ചപ്പാടിനെ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ സ്ത്രീക്കും സ്വന്തമായ വ്യക്തിത്വവും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്നും ഒരു സ്ത്രീ ആരുടെയും സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. പുനെയിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ജ്’ പരിപാടിയിൽ വിദ്യാർഥിനികളുമായി സംവദിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“ഒരു സ്ത്രീയെ മകൾ, ഭാര്യ അല്ലെങ്കിൽ അമ്മ എന്ന നിലയിൽ മാത്രമാണ് പലപ്പോഴും സമൂഹം കാണുന്നത്. ഈ ബന്ധങ്ങളിൽ തെറ്റൊന്നുമില്ല. എന്നാൽ അതുമാത്രം ഒരു സ്ത്രീയുടെ ഏക വ്യക്തിത്വമാകാൻ പാടില്ല- രാഹുൽ ഗാന്ധി പറഞ്ഞു. ഒരു സ്ത്രീക്ക് സ്വന്തം കഴിവുകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായ വ്യക്തിത്വം രൂപപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീയുടെ വ്യക്തിത്വം പലപ്പോഴും ഒരു പുരുഷനുമായുള്ള ബന്ധത്തിലൂടെയാണ് നിർവചിക്കപ്പെടുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ തുടങ്ങിയവരുമായി ഒരു സ്ത്രീക്ക് ബന്ധമുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ അവൾ അവരുടെ ഉടമസ്ഥതയിലുള്ള വ്യക്തിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾ മറ്റാരുടേതുമല്ല, നിങ്ങളുടേത് മാത്രമാണ്” എന്നായിരുന്നു യുവതികളോടുള്ള രാഹുൽ ഗാന്ധിയുടെ പ്രധാന സന്ദേശം. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കുകയും സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി മനു സ്മൃതിയെയും പരാമർശിച്ചു. ബാല്യത്തിൽ സ്ത്രീ പിതാവിന്റെ അധീനതയിലും യൗവനത്തിൽ ഭർത്താവിന്റെ അധീനതയിലും ഭർത്താവിന്റെ മരണശേഷം പുത്രന്മാരുടെ അധീനതയിലും കഴിയണമെന്ന ആശയം മനുസ്മൃതിയിൽ പ്രതിപാദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുതെന്ന തരത്തിലുള്ള ഈ ആശയങ്ങൾ ലജ്ജാകരമാണ് എന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകളെ നിയന്ത്രിക്കുകയും അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും ചെയ്യുന്ന മനോഭാവത്തെയാണ് താൻ എതിർക്കുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പെൺകുട്ടികളെയും സ്ത്രീകളെയും ഒരു “കൂട്ടിലടച്ച” ജീവിതത്തിലേക്ക് പരിമിതപ്പെടുത്താതെ ബഹുമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി രാജ്യത്തെ 70 കോടി സ്ത്രീകളാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഓരോ സ്ത്രീക്കും വ്യത്യസ്തമായ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും ചിന്തകളും കഴിവുകളും ഉണ്ടെന്നും ഈ വൈവിധ്യമാണ് രാജ്യത്തിന്റെ വലിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നുണ്ടെങ്കിലും സമൂഹം പലപ്പോഴും അവരുടെ വ്യക്തിത്വത്തെ കുടുംബബന്ധങ്ങളുടെ പരിധിയിൽ മാത്രം കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം, കായികം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകൾക്ക് സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിപാടിയിൽ ചർച്ച നടന്നു. വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹിക സമ്മർദം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥിനികൾ അവരുടെ ആശങ്കകൾ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു. സ്ത്രീകളുടെ മുന്നേറ്റത്തെ തടയുന്ന ഘടകങ്ങളിൽ ശാരീരിക അതിക്രമം, അവസരങ്ങളുടെ നിഷേധം, സാമ്പത്തിക നിയന്ത്രണം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകൾ രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയാണെന്നും അവരുടെ സ്വപ്നങ്ങളും കഴിവുകളും രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.






