നാലാഞ്ചിറ: യുവതിയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഹസീനയും സുരേഷും നാലുമക്കളും ഉൾപ്പെടെ ആറുപേരായിരുന്നു വാടകവീട്ടിൽ താമസിച്ചിരുന്നത്.
കുറച്ചുകാലമായി ഹസീനയും സുരേഷും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സുരേഷിന് ഹസീനയെ സംശയമായിരുന്നു എന്നാണ് വിവരം. വഴക്കും പതിവായിരുന്നു. ചൊവ്വാഴ്ച വഴക്ക് കടുത്തതോടെ വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇടപെട്ട് അനുനയിപ്പിച്ച് ഇവരെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയും സുരേഷും ഹസീനയും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ കത്തി ഉപയോഗിച്ച് സുരേഷ് ഹസീനയുടെ കഴുത്ത് അറക്കുകയായിരുന്നു.
ശേഷം ശുചിമുറിയിൽ കൊണ്ടുപോയി കത്തി കഴുകിവെച്ചശേഷം സുരേഷ് കടന്നുകളഞ്ഞു. മക്കളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഇലക്ട്രീഷ്യനാണ്.


















































