വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് ഫിൻലാൻഡിലെ ഹെൽസിങ്കി വിമാനത്താവളം ഒരു സ്വപ്നതുല്യമായ ഇടമാണ്. ഈ വിമാനത്താവളം പൂർണ്ണമായും യന്ത്രവൽകൃതമാണ്, ഇവിടെ യാത്രക്കാർക്ക് മനുഷ്യ സഹായമില്ലാതെ ചെക്ക്-ഇൻ മുതൽ സുരക്ഷാ പരിശോധന വരെ പൂർത്തിയാക്കാം. ഈ നൂതന എയർപോർട്ടിനെക്കുറിച്ചുള്ള ഒരു വൈറൽ വീഡിയോ, സാങ്കേതികവിദ്യയുടെ വളർച്ചയെ പ്രശംസിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ പോലുള്ള ആശങ്കകൾക്കും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കണ്ടന്‍റ് ക്രിയേറ്ററായ ഇഷിത മാനാണ് ഈ വിമാനത്താവളത്തിലെ കാഴ്ചവിസ്മയങ്ങൾ പങ്കുവെച്ചത്.
“വിമാനത്താവളത്തിൽ മനുഷ്യരുമായി യാതൊരു ഇടപെടലുമില്ല” എന്ന തലക്കെട്ടോടെയാണ് ഇഷിത വീഡിയോ പങ്കുവെച്ചത്. ചെക്ക്-ഇൻ ചെയ്യുന്നത് മുതൽ ബോർഡിംഗ് പാസ് എടുക്കുന്നതും ബാഗേജ് ടാഗ് ചെയ്യുന്നതും യാത്രക്കാർ സ്വയം ചെയ്യണം. ഓട്ടോമേറ്റഡ് ബാഗേജ് ഡ്രോപ്പ്-ഓഫ് പോയിന്‍റുകളിൽ ബോർഡിംഗ് പാസ് സ്കാൻ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ ബാഗുകൾ ഉള്ളിലേക്ക് പോകും. സുരക്ഷാ പരിശോധനയ്ക്കായി അത്യാധുനികമായ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഇവിടെയുള്ളത്. “സഹായത്തിനായി ഒരറ്റത്ത് ഒരു ഉദ്യോഗസ്ഥൻ മാത്രമാണുള്ളത്, ബാക്കിയെല്ലാം യന്ത്രങ്ങൾ നോക്കി നടത്തുന്നു. ഇൻട്രോവേർട്ടുകൾക്ക് പറ്റിയ വിമാനത്താവളമാണിത്,” ഇഷിത വീഡിയോയിൽ പറയുന്നു.
21,000 -ത്തിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ലഖ്‌നൗ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാനത്താവളങ്ങളിലും ഇപ്പോൾ ഇത്തരം സംവിധാനങ്ങൾ ലഭ്യമാണെന്ന് പലരും കമന്‍റ് ചെയ്തു. ഇത് ഹെൽസിങ്കിയിലെ മാത്രം പ്രത്യേകതയല്ലെന്നും ഇന്ത്യ ഈ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞെന്നും പലരും ചൂണ്ടിക്കാട്ടി.
അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ച അംഗീകരിക്കുമ്പോഴും ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ച് ചിലർ ആശങ്ക പങ്കുവെച്ചു. ചെലവ് കുറയ്ക്കാൻ മനുഷ്യർക്ക് പകരം യന്ത്രങ്ങളെ വെക്കുന്നത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. AI മനുഷ്യന്‍റെ ജോലികൾ കവരില്ലെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണിതെന്ന് ഒരാൾ പരിഹസിച്ചു. എല്ലാവർക്കും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ എളുപ്പമാകില്ലെന്നും, പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് വലിയ ‘തലവേദന’ സൃഷ്ടിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ യാത്രകൾ വേഗത്തിലാക്കാൻ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണെങ്കിലും, അത് എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ളതാകണമെന്ന അഭിപ്രായങ്ങളും പലരും രേഖപ്പെടുത്തുന്നുണ്ട്.






