തിരുവനന്തപുരം: തിരുവനന്തപുരം മേയർക്കെതിരേ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നഗരസഭയുടെ അവസ്ഥ കാണുമ്പോൾ മുൻ മേയർ എന്ന നിലയിൽ വിഷമം തോന്നുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. തെരുവിൽ മാലിന്യക്കൂമ്പാരം. ഹരിത കർമസേനാ പ്രവർത്തനം താളംതെറ്റി. റീൽ ഷൂട്ടിങ് മാത്രമായി നഗരസഭയുടെ പ്രവർത്തനം മാറിയെന്നും അദ്ദേഹം വിമർശിച്ചു. ‘തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർക്ക് പേടിയാണ്.
കുടിവെള്ള പ്രശ്നത്തിൽ വാട്ടർ അതോറിറ്റിയെ കുറ്റം പറഞ്ഞു നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഭരണാധികാരികൾക്ക് ഇച്ഛാശക്തിയില്ലെങ്കിൽ ജനങ്ങൾ പൊറുതിമുട്ടും. അലംഭാവത്തിന്റെ പര്യായമായി നഗരസഭാ ഭരണം മാറിയിരിക്കുന്നുവെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്’, മന്ത്രി പറഞ്ഞു. എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബിജെപി ഭരണസമിതി തികഞ്ഞ പരാജയം.
വാട്ടർ അതോറിറ്റിയോട് ആണ് കുടിവെള്ള പ്രശ്നത്തിൽ മറുപടി തേടേണ്ടത് എന്ന വി.വി. രാജേഷിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുടിവെള്ളത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ലെന്ന മേയറുടെ നിലപാട് പരിഹസ്യമാണ്, അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി 40 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് വികസന ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പു നൽകിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്നാൽ, ഇന്ന് അതിനെക്കുറിച്ച് മിണ്ടാൻപോലും ബിജെപി നേതൃത്വം തയ്യാറല്ല.
വോട്ട് നേടാൻ വലിയ വികസന പദ്ധതികളും മോദിയുടെ പേരും നിരത്തിയവർ അധികാരം കിട്ടിയപ്പോൾ സാധാരണക്കാരുടെ കുടിവെള്ളത്തിൽ പോലും ഉറപ്പുനൽകുന്നില്ല. വി.വി. രാജേഷ് എപ്പോഴെങ്കിലും കണ്ണാടിയിൽ നോക്കിയാൽ തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തകിടം മറിച്ചത് ആരാണെന്ന് വ്യക്തമാകും’, മന്ത്രി കൂട്ടിച്ചേർത്തു.

















































