തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമായതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെങ്കിലും മറ്റന്നാളോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം.
അതേസമയം, മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






