തിരുവനന്തപുരം: കോൺഗ്രസ് ഏൽപ്പിച്ച കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്വത്തിന് അഖിലേന്ത്യാ നേതൃത്വത്തിനോട് ഉൾപ്പെടെ എല്ലാവരോടും നന്ദി പറഞ്ഞ് വി.ഡി. സതീശൻ. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരുമാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കും. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് കാണുന്നത്.
ഈ വലിയ വിജയത്തിന് സഹായിച്ചത് എ.ഐ.സി.സി. ആണ്. അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണ്. എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. രമേശ് ചെന്നിത്തല എന്റെ നേതാവാണെന്ന് പറഞ്ഞാണ് അദ്ദേഹം നന്ദിയറിയിച്ചത്. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കണം.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ നാണക്കേടൊന്നുമില്ല. ഇത് സ്വാഭാവികമായി എടുത്ത സമയമാണ്. നേതൃത്വത്തിന് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. എല്ലാവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കോൺഗ്രസ് കഴിവുള്ള ഒരുപാടുപേരുടെ പാർട്ടിയാണ്. ഘടകകക്ഷികളേയും നേതാക്കളേയും കണ്ടതിനുശേഷം സത്യപ്രതിജ്ഞ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















































