ആഗ്ര: പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ ശേഷം വീണ്ടും അതിന് ശ്രമിക്കുന്നതിനിടെ യുവതി എതിർത്തതിനെ തുടർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം അരങ്ങേറിയത്. 22കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.
ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്സ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി രക്ഷാബന്ധൻ പ്രമാണിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാമുകൻ വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് ഓഗസ്റ്റ് 26ന് തന്റെ പിറന്നാളാണെന്ന് പറഞ്ഞ് യുവതിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചവരാണെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് പ്രതി യുവതിയെ ഫിറോസാബാദിലെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അന്വേഷണത്തിനിടെ യുവതിയുടെ മൊബൈൽ ഫോണും ലൈംഗിക ഉത്തേജക മരുന്നിന്റെ ഗുളികകളും പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു.
മരുന്ന് കഴിച്ചെന്നും യുവതിയെ ബലാത്സംഗം ചെയ്തെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 27ന് പുലർച്ചെ വീണ്ടും യുവതിയെ ലൈംഗികമായി ആക്രമിക്കാൻ പ്രതി ശ്രമിച്ചു. യുവതി ഇതിനെ ശക്തമായി എതിർത്തതോടെ പ്രതി അവരെ കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതര പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് ഓഗസ്റ്റ് 27ന് യുവതിയുടെ പിതാവ് ഷിക്കോഹാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ബലാത്സംഗം നടന്നുവെന്ന ആരോപണത്തെ പിന്തുണയ്ക്കുന്നതാണെന്ന് ഫിറോസാബാദ് റൂറൽ എസ്പി അനൂജ് ചൗധരി പറഞ്ഞു.
കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെയാണ് 23കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു.
അതേസമയം കേസിൽ മറ്റൊരാൾക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 24കാരനായ സഹപ്രതി 23കാരന് കുറ്റകൃത്യത്തിൽ സഹായം നൽകിയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൊല്ലപ്പെട്ട യുവതി പ്ലസ് ടുവിന് ശേഷം ബിഎസ്‌സി പഠനം പൂർത്തിയാക്കുകയും നഴ്സിങ് കോഴ്സ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഗുഡ്ഗാവിൽ ക്വിക്ക് കൊമേഴ്സ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.






