തിരുവനന്തപുരം: കേരള സർവകലാശാലയിലെ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞിരുന്നെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴകൊഴമ്പൻ നയമല്ല എൽഡിഎഫ് സ്വീകരിച്ചതെന്നും പിണറായി വിജയൻ. വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നതെന്ന് പിണറായി ആരോപിച്ചു. യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുകയാണ്. നേരിയ തോതിൽ പോലും എതിർപ്പ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുകയാണെന്നും പിണറായി ആരോപിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് സ്വീകരിച്ചത്. പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു.
കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും സംസ്ഥാനം കൈപ്പറ്റിയിട്ടില്ലെന്നും കേന്ദ്രം തന്നെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്നതിനായി പദ്ധതി നടപ്പാക്കുന്ന നിലയിലേക്ക് യുഡിഎഫ് സർക്കാർ മാറിക്കഴിഞ്ഞുവെന്നും പിണറായി ആരോപിച്ചു.
‘പി.എം. ശ്രീ അറബിക്കടലിൽ എറിയും’ എന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ വഞ്ചന കാട്ടുന്നതാണ് കേരളം കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
എൻ.ടി.എയ്ക്കെതിരെയും പിണറായി വിമർശനം ഉന്നയിച്ചു. എൻ.ടി.എ എന്നൊരു തട്ടിപ്പ് സംഘത്തിന് കൊള്ളലാഭം കൊയ്യാൻ രാജ്യത്തെ വിദ്യാർഥികളുടെ ഭാവി വച്ച് പന്താടുകയാണെന്നും അദ്ദേഹം ആരോപിച്ചു.



















































