തൃശൂർ: എടത്തുരുത്തിയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് അലങ്കാരച്ചെടികൾ ചട്ടിയോടെ മോഷ്ടിച്ച സംഭവം സിസിടിവിയിൽ പതിഞ്ഞു. കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വലിയ വീട്ടിൽ പോളിന്റെ വീട്ടിലാണ് സംഭവം. വിദേശത്ത് താമസിക്കുന്ന പോളും കുടുംബവും വീട്ടിലില്ലാത്ത സമയം മുതലെടുത്താണ് മോഷണം നടന്നത്. വെള്ള നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘമാണ് വീട്ടുമുറ്റത്തും മതിലിന് മുകളിലും അലങ്കാരത്തിനായി വെച്ചിരുന്ന ചെടികൾ ഓരോന്നായി എടുത്ത് വാഹനത്തിൽ കയറ്റി കടന്നുകളഞ്ഞത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, ആദ്യം കാർ വീട്ടിന് സമീപത്തെ ഇടവഴിയിൽ പാർക്ക് ചെയ്യുന്നതും തുടർന്ന് മാസ്ക് ധരിച്ച മൂന്ന് യുവാക്കൾ അതിവേഗത്തിൽ ചെടികൾ ചട്ടിയോടെ കാറിലേക്ക് മാറ്റുന്നതും വ്യക്തമായി കാണാം. മിനിറ്റുകൾക്കുള്ളിൽ മോഷണം പൂർത്തിയാക്കി സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഏകദേശം 40,000 രൂപ വിലമതിക്കുന്ന അലങ്കാരച്ചെടികളാണ് മോഷ്ടിക്കപ്പെട്ടത്. വീടുകളിൽ നിന്ന് ചെടിത്തൈകളോ കമ്പുകളോ കൊണ്ടുപോകുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് വിലപിടിപ്പുള്ള ചെടികൾ തന്നെ മോഷ്ടിച്ചത് അസാധാരണമാണെന്ന് വീട്ടുകാർ പറയുന്നു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വീട്ടുടമ പോൾ കൈപ്പമംഗലം പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.


















































