ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ജോലിക്കു പോകാൻ നിർബന്ധിച്ചതിൽ കലി കയറി ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് ഭാരുണ സംഭവം ഉണ്ടായത്. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന്റെ ആക്രമണത്തിൽ നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവ ശേഷം മുങ്ങിയ ഭർത്താവ് അമിത്തിനായി പോലീസ് അന്വേഷണം തുടങ്ങി.
2025 ഏപ്രിലിലാണ് നേഹ കുമാരിയും അമിത് ഗുപ്തയും വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ദമ്പതികൾ പഞ്ച്ശീൽ കോളനി പാർട്ട് 2-ൽ വാടക വീട്ടിലേക്ക് താമസം മാറിയത്.അമിത് ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇടയ്ക്ക് ഇയാൾ ജോലിക്ക് പോകാറുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ 8.30നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമിത് ഭാര്യയെ മർദിച്ചു. ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കി വലിക്കുകയും വെള്ളം നിറച്ച ബക്കറ്റിൽ തല നിരവധി തവണ മുക്കുകയും ചെയ്തു.
തുടർന്ന് അമിത് തന്റെ അമ്മാവനെ വിളിച്ച് ഭാര്യയെ ആക്രമിച്ചതായും തല വെള്ളത്തിൽ മുക്കിയതായും പറഞ്ഞുവെന്നും പോലീസ് പറഞ്ഞു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ നേഹയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് അമിത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.


















































