തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരിയുടെ വീട്ടിലാണ് മൂന്നംഗ സംഘം അതിക്രമിച്ച് കയറിയത്.
വീട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം ഐഫോൺ കവർന്നത്. സംഭവത്തിന് പിന്നാലെ അന്വേഷണം നടത്തിയ നരുവാമൂട് പോലീസ് എടയ്ക്കോട് വച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. പണം കടം നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളിൽ ലിബിൻ പോക്സോ ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ ആശിഷിനെതിരെ പത്തോളം കേസുകളുണ്ട്. മെഡിക്കൽ കോളേജിൽനിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലും ആശിഷ് പ്രതിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






