തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധത്തിനിടെ മേയർ വി.വി. രാജേഷിനെ സിപിഎം കൗൺസിലർമാർ തടയാൻ ശ്രമിച്ചതോടെ കോർപ്പറേഷൻ പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
പ്രതിഷേധങ്ങൾക്കിടയിലും മേയർ ഓഫീസിലേക്ക് പ്രവേശിച്ചു. ഇതോടെ സിപിഎം, ബിജെപി പ്രവർത്തകരും കൗൺസിലർമാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടാവുകയും സ്ഥിതി നിയന്ത്രണാതീതമാകുമെന്ന സാഹചര്യത്തിൽ പൊലീസ് ഇടപെടുകയും ചെയ്തു.
സംഘർഷത്തിൽ ചില കൗൺസിലർമാർക്കും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികരിച്ച കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്, ജനാധിപത്യപരമായ രീതിയിലാണ് പ്രതിഷേധം നടത്തിയതെന്ന് വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബലം പ്രയോഗിച്ചുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു. രാവിലെ മുതൽ തന്നെ അനാവശ്യ പ്രകോപനങ്ങളാണ് സിപിഎം കൗൺസിലർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. കോർപ്പറേഷനിൽ ആവശ്യങ്ങളുമായി എത്തിയ സാധാരണക്കാരെ തടഞ്ഞുവെന്നും ബിജെപി വനിതാ കൗൺസിലർമാർക്ക് നേരെ ആക്രമണമുണ്ടായെന്നും മേയർ പറഞ്ഞു.
സംഘർഷത്തിനിടെ തനിക്കും കാലിന് പരിക്കേറ്റതായി വി.വി. രാജേഷ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പൊലീസ് പരിശോധിച്ചുവരികയാണ്.
















































