ബംഗളൂരൂ: ബെലഗാവി ജില്ലയിൽ വിവാഹിതയായ യുവതിയെ ബന്ധുക്കൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാർ ആണ് കൊല്ലപ്പെട്ടത്. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബന്ധുക്കൾ യുവതിയെ നിർബന്ധപൂർവ്വം വിഷം കഴിപ്പിക്കുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നാല് വർഷം മുമ്പ് സന്തോഷ് ഹെലവിയുമായി വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീൽ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇവർ ഒളിച്ചോടുകയും ഒരു വാടകവീട്ടിൽ താമസം തുടങ്ങുകയും ചെയ്തു. ഇതേത്തുടർന്ന് സത്യവ്വയുടെ ഭർത്താവിന്റെ വീട്ടുകാർ കൃഷ്ണനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റെന്ന് വിശ്വസിച്ച ബന്ധുക്കൾ യുവതിയെയും കാമുകനെയും തിരഞ്ഞുപിടിച്ച് കണ്ടെത്തുകയും സത്യവ്വയെ നിർബന്ധിച്ച് തിരികെ കൊണ്ടുവരികയുമായിരുന്നു. സത്യവ്വയെ മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിലേക്ക് കൊണ്ടുപോയ ബന്ധുക്കൾ, കൃഷ്ണനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അവളെ പ്രേരിപ്പിച്ചു.
എന്നാൽ സത്യവ്വ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും കൃഷ്ണന്റെ അടുത്തേക്ക് തന്നെ പോകണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ മാർച്ച് 21-ന് അവളെ നിർബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, കർണാടക-മഹാരാഷ്ട്ര അതിർത്തിയിലുള്ള ഒരു ശ്മശാനത്തിൽ വെച്ച് തെളിവുകൾ ഇല്ലാതാക്കാൻ മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. സത്യവ്വയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് കാമുകനായ കൃഷ്ണ പാട്ടീൽ പോലീസിൽ നൽകിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയും പ്രതികളായ പ്രകാശ് ഭീമപ്പ ഹെലവാർ (46), ഷാനൂർ സദാശിവ് ഹെലവാർ (35), കല്ലപ്പ മായപ്പ ഹെലവി (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.















































